ഇരിങ്ങാലക്കുട: വ്യത്യസ്തങ്ങളായ ക്രിയാത്മക ജനക്ഷേമ പദ്ധതികളുമായി ഇരിങ്ങാലക്കുട രൂപത 36-ാം രൂപതാദിനം 2013 സെപതംബര്‍ 10 ന് ആഘോഷിക്കുന്നു. കൊച്ചി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കരിയില്‍ രാവിലെ 10ന് രൂപതാകാര്യാലയത്തില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്‌കാരിക ആതുരശുശ്രൂഷരംഗത്തെ രൂപതയുടെ സംഭാവനകളായ സെന്റ് ജെയിംസ് ഹോസ്പിറ്റലിന്റെ രജതജൂബിലി ആഘോഷങ്ങളും, രണ്ടരകോടി രൂപയോളം ഇതിനോടകം വിതരണം ചെയ്ത് ആയിരം നിര്‍ദ്ധനകുടുംബങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപവീതം നല്കിവരുന്ന 'ബ്ലസ് എ ഹോം' പദ്ധതിയുടെ 5-ാം വാര്‍ഷികവും തദവസരത്തില്‍ നടത്തപ്പെടുന്നു.
1978 സെപ്തംബര്‍ 10-ന് സ്ഥാപിതമായ ഇരിങ്ങാലക്കുട രൂപതയ്ക്ക് പ്രഥമമെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ശക്തമായ ആത്മീയ നേതൃത്വത്തില്‍ ശ്ലാഘനീയമായ വളര്‍ച്ചയാണ് കൈവന്നിരിക്കുന്നതെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ വ്യക്തമാക്കുന്നു. മദ്യമെന്ന സാമൂഹ്യതിന്മയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത് 2013-2014 വര്‍ഷം ലരഹി വിമുക്തവര്‍ഷമായി ആചരിക്കുന്ന രൂപതയുടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ പല തുറകളില്‍ നിന്നും ഇതിനോടകം ഏറെ ജനശ്രദ്ധ ആര്‍ജിച്ചെടുത്തിട്ടുണ്ട്. ഭവനരഹിതര്‍ക്ക് ഒരു ഭവനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി രൂപത സാമൂഹ്യസേവനവിഭാഗമായ സോഷ്യല്‍ ആക്ഷന്‍ ഫോറം നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതികളും, സ്ത്രീശാക്തീകരണം, സമഗ്രവികസനം, പ്രകൃതിസംരക്ഷണം, കാര്‍ഷികമേഖലയുടെ വളര്‍ച്ച എന്നിവ ലക്ഷ്യമിട്ട് അവാര്‍ഡും സോഷ്യല്‍ ആക്ഷനും നടത്തുന്ന കര്‍മ്മപരിപാടികളും, മെഴ്‌സി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതികളും രൂപതയുടെ കാരുണ്യത്തിന്റെ മുഖമാണ് പ്രകടമാക്കുന്നതെന്ന് ഏറ്റവും നല്ല അദ്ധ്യാപകനുള്ള സംസ്ഥാന തല അവാര്‍ഡ് കരസ്ഥമാക്കിയ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ. ജോസ് കാളന്‍ അഭിപ്രായപ്പെടുന്നു.
രൂപതാദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ ജനപ്രതിനിധികളും രൂപതയിലെ മുഴുവന്‍ വൈദികരും സന്യസ്തപ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും ക്ഷണിക്കപ്പെട്ട മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കുന്നതാണെന്ന് വികാരി ജനറാള്‍ ഡോ. ജോസ് ഇരിമ്പന്‍ അറിയിച്ചു. രാവിലെ മാര്‍ ജെയിംസ് പഴയാറ്റില്‍ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ തോമസ് ഉണ്ണിയാടന്‍ ദര്‍ശന്‍ വോയ്‌സിന്റെ പ്രകാശനവും മാര്‍ പോളി കണ്ണൂക്കാടന്‍ യുവജന അസംബ്ലി ആക്ട്‌സിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. എഫ്.സി.സി. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ധന്യ ബാസ്റ്റിന്‍, ഫാ. പയസ് ചിറപ്പണത്ത്, മിസ്റ്റര്‍ നിഖില്‍, ഡോ. സുധ ജോര്‍ജ്ജ് വളവി, മോണ്‍. ഡോവീസ് അമ്പൂക്കന്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഉച്ചകഴിഞ്ഞ് 3-ന് ആരോഗ്യസേവനരംഗത്ത് സെന്റ് ജെയിംസ് ആസ്പത്രിയുടെ രജതജൂബിലിവര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് മാര്‍ പോളി കണ്ണൂക്കാടനും, മാര്‍ ജെയിംസ് പഴയാറ്റിലും മുഖ്യകാര്‍മ്മികത്വം വഹിക്കും. ആശുപത്രി തുടര്‍ന്നു വരുന്ന നിര്‍ദ്ധനര്‍ക്കുള്ള സൗജന്യചികിത്സ, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, മികവുറ്റ ശുശ്രൂഷ എന്നിവയോടൊപ്പം വൃക്കരോഗികള്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ സൗജന്യഡയാലിസിസും 25 സൗജന്യ ആന്‍ജിയൊ പ്ലാസിറ്റിയും, വ്യത്യസ്തങ്ങളായ 25 ജീവകാരുണ്യപദ്ധികളും ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. പോള്‍ എ. അമ്പൂക്കന്‍ അറിയിച്ചു.
36-ാം രൂപതാദിനം മനോഹരമാക്കുന്നതിന് വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്റ്യന്‍ മാളിയേക്കല്‍, മോണ്‍. ഡേവീസ് പാലാട്ടി, ചാന്‍സലര്‍ ഡോ. ക്ലമന്റ് ചിറയത്ത്, വൈസ് ചാന്‍സലര്‍ ഫാ. ജോജോ കുറ്റിക്കാടന്‍, പ്രൊക്കുറേറ്റര്‍ ഫാ. ജോണ്‍ പോള്‍ ഈയന്നം, സെക്രട്ടറി ഫാ. ഫെബി പുളിക്കന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഡോ. ഡേവീസ് ചെങ്ങിനിയാടന്‍, ജോസ് ജെ. കാളന്‍, ഡോ. സുധ വളവി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
No comments:
Post a Comment